മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് സാക്ഷി
 Thursday, July 1, 2010
 കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്
കേസിലെ സാക്ഷി.  ആലുവ ചാലക്കല്‍ മാറമ്പിള്ളി കുരിക്കല്‍ വീട്ടില്‍ ജോസ്
വര്‍ഗീസ് (37) ബംഗളൂരു ശേഷാദ്രിപുരം അസി.കമീഷണര്‍ ഒ.എം.ഓങ്കാരയ്യക്കെതിരെ
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച
സ്വകാര്യ അന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ മഅ്ദനിക്കെതിരെ
ഒന്നും പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ കന്നഡ ഭാഷയില്‍ എഴുതി തന്നെക്കൊണ്ട്
ഒപ്പിടുവിക്കുകയായിരുന്നു. കന്നഡ ഭാഷയിലെഴുതിയ കാര്യങ്ങള്‍ എന്താണെന്ന്
തനിക്കറിയില്ല. ഇത് വായിച്ചുനോക്കിയിട്ടേ ഒപ്പിടൂവെന്ന് പറഞ്ഞെങ്കിലും പൊലീസ്
സമ്മതിച്ചില്ല.

ജനുവരി ആറിനാണ് ബംഗളൂരു പൊലീസ് തന്നെ ഫോണില്‍ ബന്ധപ്പെട്ടത്. സൂഫിയാ മഅ്ദനി
2007ല്‍ വാടകക്ക് താമസിച്ചിരുന്ന വെണ്ണല ഹരിത നഗര്‍ സൗധാരാ നഗറിലെ സഹോദരി റാണി
വര്‍ഗീസിന്റെ വീട്ടില്‍ ഇപ്പോള്‍ തങ്ങളുണ്ടെന്നും  ഉടന്‍ അവിടേക്ക്
വരണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ഉടന്‍തന്നെ കൂട്ടുകാരനായ എം.വി.
വിന്‍സന്റുമായി അവിടെയെത്തി. സൂഫിയക്ക് വീട് വാടകക്ക് നല്‍കിയതിന്റെ
വിശദാംശങ്ങള്‍ ചോദിച്ചു. വാടകക്കരാറിന്റെയും  സഹോദരി നല്‍കിയ മുക്ത്യാറിന്റെയും
പകര്‍പ്പ് ഇവര്‍ എടുത്തു.  വീടിന് പുറത്ത് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു
വാഹനം പാര്‍ക്ക് ചെയ്തിരുന്നു.

അതില്‍നിന്ന് ഈ സമയം നാലുപേര്‍ ഇറങ്ങി വന്നു. ഒരാളുടെ മുഖം മൂടിയിരുന്നു.
നാലുപേരും വീട്ടിനുള്ളിലേക്ക് കയറിയശേഷം മുഖം മൂടി ഊരി.  ഇയാളെ അറിയുമോ, മുമ്പ്
കണ്ടിട്ടുണ്ടോ എന്ന് പൊലീസ് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞു. ബംഗളൂരു
സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറാണിതെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം
കന്നഡയിലെഴുതിയ ചില പേപ്പറുകളില്‍ തന്നെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.
വായിച്ചുനോക്കാതെ ഒപ്പിടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒപ്പിടേണ്ടിവന്നു.

ജൂണ്‍ 23നാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയുന്നത്. 'താന്‍ മഅ്ദനിയുടെ
വീട്ടില്‍ വാടക വാങ്ങാന്‍ എത്തിയപ്പോള്‍ മഅ്ദനിയും തടിയന്റവിട നസീറും തമ്മില്‍
ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യുകയായിരുന്നുവെന്നും തന്നെ കണ്ട ഉടന്‍ ഇവര്‍ സംസാരം നിറുത്തിയതായും
പിന്നീട് വാടക വാങ്ങി പോരുകയായിരുന്നുവെന്നും ജോസ് ബംഗളൂരു സംഘത്തിന് മൊഴി
നല്‍കിയതായാണ് പറയുന്നത്.എന്നാല്‍, ഇത് മഅ്ദനിയെ കുടുക്കാന്‍ പൊലീസ് മനഃപൂര്‍വം
കെട്ടിച്ചമച്ച രേഖയാണെന്നും താന്‍ പൊലീസിനോട് ഇത്തരത്തില്‍ ഒന്നും
പറഞ്ഞിട്ടില്ലെന്നും ജോസ് കോടതിയില്‍ ബോധിപ്പിച്ചു. പറയാത്ത കാര്യങ്ങള്‍
കെട്ടിച്ചമച്ചതിന് ബംഗളൂരു അസി.കമീഷണര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ജോസിന്റെ
ആവശ്യം. വ്യാഴാഴ്ച  മജിസ്‌ട്രേറ്റ് എ.ഇജാസ് അന്യായക്കാരന്റെ മൊഴി എടുത്തശേഷം
കേസ് തുടര്‍ നടപടിക്കായി മാറ്റി.

http://www.madhyamam.com/story/%E0%B4%AE%E0%B4%85%E0%B5%8D%E0%B4%A6%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%86-%E0%B4%AE%E0%B5%8A%E0%B4%B4%E0%B4%BF-%E0%B4%A8%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to greenyo...@googlegroups.com.
To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com.
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to